16.7.07

കഥകളുടെ മുത്തശ്ശി

ഓര്‍മകള്‍തുടങ്ങുന്നതുതന്നെ വയസ്സറിഞ്ഞുകൂടാത്ത എന്റെ മുത്തശ്ശിയില്‍ നിന്നാ‍ണ്.ഒരിക്കലും റവുക്ക ഇടാത്ത,ഞാന്നുകിടന്ന് കാറ്റിലാടുന്ന മുലകളുള്ള,മുഖത്തും ശരീരത്തിലാകെയും ചുളിവുകളുള്ള അവസാനിക്കാത്ത കഥകളുടെ മുത്തശ്ശി.ഞാന്‍ ആ വൃദ്ധസ്വരൂപത്തെ
അമ്മച്ചി എന്നു വിളിച്ചു.ആകെ ഒറ്റമുണ്ടുമാത്രം ഉടുത്ത് നഗ്നതയെ ഭയപ്പെടാതെ അവര്‍ എന്നെ മടിയില്‍ കിടത്തി കഥകളും പാട്ടുകളും പ്രാര്‍ത്ഥനകളുമായി ഉറവപൊട്ടി.മണ്ണെണ്ണവിളക്കിന്റെ
പുകപിടിച്ചപ്രകാശത്തില്‍ അമ്മച്ചി കഥപറയുമ്പോള്‍ മുഖത്തു കഥകളിക്കുന്ന ഭാവങ്ങള്‍കണ്ട് ഞാന്‍ അമ്പരന്നു.അമ്മച്ചി ഒരത്ഭുതമാണ് എനിക്കിപ്പോഴും.എന്റെ ഓര്‍മകളുടെ പിറവികാലം മുതല്‍ ഒടുവില്‍
സ്വയം തീരുമാനിച്ചുറപ്പിച്ചപോലെ പട്ടിണികിടന്നു മരണത്തിലേക്കുമാഞ്ഞു പോകുന്നതുവരെ ഒരേമുഖവും ഒരേ രൂപഭാവങ്ങളും മാത്രമായി ജീവിച്ച അത്ഭുതം.ഏനിക്ക് എന്റെയീ മുപ്പതുവര്‍ഷത്തെ കൊച്ചു ജീവിതത്തിനിടയില്‍ അണിയേണ്ടിവന്നിട്ടുള്ള വേഷങ്ങളും ആടേണ്ടിവന്നിട്ടുള്ള ഭാവപ്പകര്‍ച്ചകളും ആലോചിച്ചുപോകുന്നു ഞാന്‍.ചിലപ്പോഴൊക്കെ എന്റെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ഇപ്പോഴത്തെ മുഖവും കണ്ണാടിയിലൂടെ നോക്കി ഞാന്‍ അമ്പരന്നിരിക്കാറുണ്ട് . ഞാന്‍ തന്നെയാണ് ഞാനെന്ന് എങ്ങനെ പറയാന്‍ കഴിയും!
ഒരുപക്ഷേ അമ്മയുടെതിനേക്കാള്‍ ഞാന്‍ നുണഞിട്ടുള്ള മുലകള്‍ അമ്മച്ചിയുടേതാണ് .ഓര്‍മയുള്ളതും. “അമ്മിഞ്ഞയില്ലല്ലോ”എന്നു ഞാന്‍ പരിഭവപ്പെടുമ്പോള്‍ അമ്മച്ചിപറയുമായിരുന്നു “ഞാനെന്തു ചെയ്യാനാ ഉള്ളതൊക്കെ നിന്റെ തന്തയും അവന്റെ തള്ളയും കൂടി കുടിച്ചു തീര്‍ത്തില്ലിയൊ”.വാടിയ ചെമ്പരത്തിപൂവുപോലെ ഞരമ്പുകള്‍ തെളിഞ്ഞുതൂങ്ങിയ മുലകളായിരുന്നു അമ്മച്ചിക്ക് മുലപ്പാലിനുപകരം എനിക്കു കിട്ടിയിരുന്നത് കഥകളാണെന്നു മാത്രം.അമ്മച്ചിക്ക് എത്ര
വയസ്സായിരുന്നു എന്നെനിക്കറിയില്ല എനിക്കുമാത്രമല്ല ആര്‍ക്കും.അമ്മച്ചി അതൊരിക്കലും പറഞ്ഞുമില്ല. ഇടക്കു വെറുതെ ചോദിക്കുമ്പോള്‍ അമ്മച്ചി നാണം കലര്‍ന്ന ഒരുചിരിയില്‍ ചോദ്യങ്ങളെ നാണം കെടുത്തി. നൂറിനുമേലുണ്ടെന്നാ‍ണ് മരിച്ചശേഷം ആളുകള്‍പറഞ്ഞിരുന്നത്. പക്ഷേ
എനിക്കു വിശ്വാസം പോരാ ആയിരംവര്‍ഷങ്ങളുടെ കഥകളായിരുന്നു അമ്മച്ചിയുടെ സമ്പാദ്യം. തകര്‍ന്നു പോയ ഒരു തറവാടിന്റെ അവസാനത്തെ ആണ്‍പിറപ്പായിരുന്നു ഞാന്‍. ചൂതുകളിച്ചും
നാടുതെണ്ടിനടന്നു ഭോഗിച്ചും മുത്തച്ഛന്മാര്‍ നശിപ്പിച്ചതിന്റെ ബാക്കി,കഴിവും കുതന്ത്രവും ഉള്ളവര്‍ കൊണ്ടുപോയി.ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്നത് മണ്ണുകൊണ്ടുള്ള ചുവരുകളും
പഴയോലകൊണ്ടുള്ള ഒരു മേല്‍ക്കൂരയുമായിരുന്നു. പഴയോലക്കിടയിലൂടെ കോഴിമുട്ടപോലെ ചാണകത്തറയിലേക്കു ചാടുന്നആകാശം കണ്ടാണ് ഞാന്‍ വളര്‍ന്നത്.എല്ലാപേരില്‍ നിന്നും ഒറ്റക്കാകുമ്പോള്‍എന്റെ ഏറ്റവും വലിയവിനോദമായിരുന്നു ഈ മുട്ടപിടിക്കല്‍, അമ്മച്ചിയുള്ളപ്പോള്‍
മുലകുടിയും കഥകേള്‍ക്കലും.മുരടനായ അപ്പൂപ്പന്റെ വീട്ടില്‍ നിന്നും മരച്ചീനിമാവില്‍ ചുട്ടെടുത്ത അപ്പവും പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളുമായി അമ്മച്ചിവരുന്നതും കാത്തുഞാനിരിക്കും. ചിലപ്പോഴൊക്കെ അമ്മച്ചിയുടെ മടിക്കുത്ത് തള്ളിനില്‍ക്കുന്നുണ്ടാവും. അന്ന് വയറിനുള്ളില്‍
എനിക്കൊരു കുഞ്ഞനുജത്തിയേയും ചുമന്നു നടന്നിരുന്ന എന്റെ അമ്മയുടെ പുറത്തേക്കു തള്ളിനില്‍ക്കുന്ന വയര്‍ പോലെ.ചോദ്യം ചിരിക്കുന്ന എന്റെ മുഖത്തുനോക്കി അമ്മച്ചി പറയും “ഗര്‍ഭം”.
അമ്മച്ചിയുടെ ഗര്‍ഭം ഒഴിയുന്നത്കുറേ നെന്മണികളായിട്ടായിരുന്നു.അപ്പൂപ്പന്‍ കാണാതെ പത്തായം തുറന്ന് മോഷ്ടിച്ചു കൊണ്ടുവന്നിരുന്ന നെന്മണികള്‍.ശരിക്കും അതൊരു മോഷണമായിരുന്നില്ല. എല്ലാം അമ്മച്ചിയുടേതായിരുന്നു.അമ്മച്ചിയെ കൂടെനിര്‍ത്തിയിരുന്നത് അപ്പൂപ്പനായിരുന്നതുകൊണ്ട് എല്ലാം
നോക്കിനടത്തിയിരുന്നതും അപ്പൂപ്പനായിരുന്നു.അപ്പൂപ്പനറിയാതെ ഒന്നും അ മ്മച്ചിക്ക്‌ എടുക്കാനാകുമായിരുന്നില്ല.അറിഞ്ഞുകൊണ്ട് അപ്പൂപ്പന്‍ ആര്‍ക്കും ഒന്നും കൊടുക്കുകയുമില്ലായിരുന്നു. അപ്പൂപ്പന്റെ കഴുത്തില്‍ തുറിച്ചു നിന്നിരുന്ന ഗോയിറ്ററുണ്ടായിരുന്നു.കഥകള്‍മതിയാവാതെ ശാഠ്യം പിടിക്കുമ്പോള്‍ അമ്മച്ചി അപ്പൂപ്പന്റെ പേരുപറഞ്ഞായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്.കഴുത്തില്‍ തുറിച്ചുനില്‍ക്കുന്നത് ഒരു കണ്ണാണത്രേ ആരെയും നോക്കി ഭസ്മമാക്കാന്‍ കെല്‍പ്പുള്ള ഒരു മൂന്നാം
കണ്ണ്.കുട്ടിക്കാലത്ത് ഒരിക്കലും അപ്പൂപ്പന്റെ മൂന്നാം കണ്ണ് ഞാന്‍ കണ്ടിട്ടില്ല,എപ്പോഴും അതിനെ ചുറ്റി ഒരു തോര്‍ത്തുമുണ്ടുമിട്ടാണ് അപ്പൂപ്പന്‍ നടക്കുക. എനിക്കിപ്പോഴും അറിയില്ല അപ്പൂപ്പനെ,
(അമ്മച്ചിയുടെ മുതിര്‍ന്ന മകനാണ് അപ്പൂപ്പന്‍) അമ്മച്ചി എന്തിനായിരുന്നു ഭയപ്പെട്ടിരുന്നതെന്ന് എന്തുചെയ്തിരുന്നതും അപ്പൂപ്പന്‍ കാണാതെയായിരുന്നു.അമ്മച്ചിയുടെ തറവാട്ടുസ്വത്തില്‍നിന്നും
മുറ്റം നിറയെ തേങ്ങാവെട്ടികൂട്ടുമ്പോള്‍ ആരും കാണാതെ ഒന്നെടുത്തു “പാത്തുവയ്ക്കും” മിക്കവാറും അതും ഞങ്ങള്‍ക്കായിരിക്കും അല്ലെങ്കില്‍ നിത്യദൌര്‍ബല്യമായിരുന്ന കരുപട്ടിചക്കര വാങ്ങിക്കാന്‍ ചന്തയില്‍ പോകുന്ന പെണ്ണുങ്ങളുടെ കയ്യില്‍ വില്‍ക്കാന്‍ കൊടുത്തയക്കും.അച്ചന് സര്‍ക്കാര്‍ജോലികിട്ടിയതോടെ കുറച്ചു ദൂരെയായി ഞങ്ങള്‍ വീടുവെച്ചു മാറി. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍.അതിനുശേഷം
അമ്മച്ചിയെ കാണുന്നത് ഒന്നുകില്‍ ഏതെങ്കിലും അവധികളില്‍ അപ്പച്ചിയോടൊപ്പം അപ്പൂപ്പന്റെ വീട്ടിലേക്കു പോകുമ്പോഴോ രണ്ടുകിലോമീറ്ററോളം കാല്‍നടയായി അമ്മച്ചി ഞങ്ങളുടെ വീട്ടിലേക്കു
തനിച്ച് വരുമ്പോഴോ ആണ്. കുറച്ചു നാള്‍ ഞങ്ങളുടെകൂടെ നിന്നശേഷം പൊടുന്നനെ ഒരു ദിവസം അമ്മച്ചിപറയും “പോണം മക്കളേ” .അതുപിന്നെ അവസാന വാക്കാണ്.പക്ഷേ വന്നതുപോലെ
ഒറ്റക്കൊരിക്കലും തിരിച്ചുപോകില്ല ഞങ്ങള്‍ ആരെങ്കിലും കൊണ്ടുവിടണം.വഴിയില്‍ ഒരു നൂറെടുത്തെങ്കിലും ഇരിക്കും എന്നുള്ളതുകൊണ്ട് അമ്മച്ചിയെ കൊണ്ടുവിടുന്നത് ഒരു ദിവസത്തെ
അധ്വാനമാണ്.അത് എല്ലാവര്‍ക്കും വലിയ വിമുഖതയായിരുന്നു,എനിക്കും അങ്ങനെ തന്നെ.സ്കൂള്‍ കഴിഞ്ഞതോടെ ഞാന്‍ അമ്മച്ചിയെ കാണുന്നതുതന്നെ അപൂര്‍വമായിട്ടായിരുന്നു.അര്‍ഥമില്ലാത്ത
എന്തിലൊക്കെയോ മുഴുകി ഒഴുകിനടക്കുകയായിരുന്നു ഞാന്‍.അപ്പൂപ്പന്റെ വീട്ടിലേക്കു പോകാന്‍ എനിക്കെല്ലായ്പ്പോഴും ഒരു താല്പര്യക്കുറവുംഉണ്ടായിരുന്നു.വല്ലപ്പോഴും പോകുമ്പോള്‍ അമ്മച്ചിക്ക്
ആകെ കൊണ്ടുപോയിരുന്നത് കുട്ടികള്‍ക്കു കൊടുക്കാറുള്ള നാരങ്ങാമിഠായി .നാണം കലര്‍ന്ന, പല്ലില്ലാത്ത ചിരിയോടെ അമ്മച്ചി അതു വാങ്ങി നുണയും.

മരണം തന്നെ വിളിക്കുന്നില്ല എന്നതായിരുന്നു ഒരോ തവണ കാണുമ്പോഴും അമ്മച്ചിക്കു പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ദുഖം.അപ്പോഴൊക്കെ ഒരുപരാതികൊണ്ട് ഞാന്‍ അമ്മച്ചിയുടെ വായടക്കും. “അമ്മച്ചിക്ക് എന്റെ പിള്ളേരെ കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്
അങ്ങനെ പറയുന്നത്”.എന്റെ കൈ പിടിച്ച് മുഖത്തു ചേര്‍ത്തുകൊണ്ട് അമ്മച്ചിപറയും.“നിന്റെ പിള്ളയും കണ്ടിട്ടേ അമ്മച്ചിപോകൂ..എന്നാലും ഇനിയങ്ങു പോകണ്ടേ മക്കളെ”.അമ്മച്ചിയെ അവസാനമായി കാണുമ്പോള്‍ മരണശയ്യയിലിലായിരുന്നു ആ മെലിഞ്ഞശരീരവും അബോധമായിത്തീര്‍ന്ന മനസും.ഞാനും ശ്രീജയും പ്രണയാനന്തരമുള്ള കലഹങ്ങളെ തുടര്‍ന്ന്
വീട്ടില്‍ നിന്നും പിരിഞ്ഞു വാടകവീട്ടിലേക്ക്‌ മാറിതാമസിക്കുകയായിരുന്നു.പരിഭവങ്ങള്‍ കുത്തിനിറച്ച
സ്വരത്തില്‍ അച്ചന്റെ ഒരു ഫോണ്‍‌വിളി വന്നു.അമ്മച്ചിക്ക് ഒട്ടും സുഖമില്ല,ഒന്നും കഴിക്കുന്നില്ല, ആരെയുംതിരിച്ചറിയുന്നില്ല,മരിച്ചുപോകും.വളരെ ചമ്മലോടെയായിരുന്നു ആ സന്ദര്‍ശനം. എല്ലാവര്‍ക്കും ചോദിക്കാനും അറിയാനും ഉണ്ടായിരുന്നത് എന്റെപ്രണയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു. വീടുമാറിയതെന്തിന് ?ഇപ്പോള്‍ എങ്ങനെ നന്നായി ജീവിക്കുന്നുവോ?അവള്‍ വന്നതിനെക്കാള്‍ മെലിഞ്ഞുപോയല്ലോടാ....അങ്ങനെ കൂര്‍ത്തുമൂര്‍ത്തചോദ്യങ്ങള്‍ ഓരോ
വേലിക്കരികില്‍നിന്നും ഓരോ വാതില്‍ മറവില്‍നിന്നും ഞങ്ങള്‍ക്കു നേരേ. അമ്മച്ചി നനച്ചുവിരിച്ച കരിയിലപോലെ തടിക്കട്ടിലില്‍ കിടക്കുകയായിരുന്നു.ഞാന്‍ അടുത്തുപോയി. ആളുകള്‍പറഞ്ഞു മനസിലാവില്ലാ॥ആരെയും തിരിച്ചറിയുന്നില്ല.ഞാന്‍ അമ്മച്ചിയുടെ കൈപിടിച്ചു. അമ്മച്ചി ഒന്നനങ്ങി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.ഞാന്‍ പറഞ്ഞു....സനല്‍. പരിചയത്തിന്റെ ആഴമുള്ള
ഒരുപുഞ്ചിരി വരണ്ടുപോയ ആ ചുണ്ടുകളില്‍ ഒന്ന് തലോടി മടങ്ങിപ്പോയി.ശ്രീജയെ അടുത്തേക്കു നീക്കിനിര്‍ത്തി ഞാന്‍ പറഞ്ഞു...എന്റെ പെണ്ണ്..അമ്മച്ചിയുടെ കൈകള്‍ ചലിക്കുന്നതിന്റെ
തരം‌ഗങ്ങള്‍ എനിക്കറിയാമായിരുന്നു.പറയാത്തവാക്കുകളുടെ തള്ളലില്‍ ആ വെളുത്ത കണ്ണുകളുടെ കടല്‍ ഇളകുന്നുണ്ടായിരുന്നു.അമ്മച്ചി എന്റെ കൈപ്പത്തിക്കുള്ളില്‍ പരതുന്നതുപോലെ തോന്നി. അപ്പോള്‍ എന്തോ ഒരു കുറ്റബോധവും എന്നിലേക്കുവീശിയെത്തി..ഒരു നാരങ്ങാമിഠായിപോലും
ഇല്ലാതെ........
അമ്മച്ചി ഒന്നും കഴിക്കുന്നില്ല എന്നതായിരുന്നു രോഗം.ഞാന്‍ പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകാം. വയസ്സായില്ലേ ഇനിയെന്താശുപത്രി? ആള്‍ക്കാര്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു എന്നാലും കൊണ്ടുപോകാം....കഴുത്തില്‍ വിഷത്തിന്റെ മൂന്നാം കണ്ണുള്ള അപ്പൂപ്പന്‍ കടന്നു വന്നു. താക്കീതിന്റെ സ്വരത്തില്‍ ഗര്‍ജ്ജിച്ചു ‘നീയവരെ കൊല്ലാതെ കൊല്ലണ്ട‘ .ഞാന്‍ പത്തിമടക്കി മൌനത്തിന്റെ ഗുഹക്കുള്ളില്‍ കയറി ഒളിച്ചു.ആര്‍ത്തിയോടെ പായുന്ന ചോദ്യങ്ങളില്‍ നിന്നും കൊത്തിവലിക്കുന്ന നോട്ടങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് ഓടിയൊളിക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു മനസ്സ്.നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി മരിച്ചു.അപ്പൂപ്പന്‍ കരയുന്നതു കണ്ട ആദ്യത്തെ ദിവസം. ഇപ്പോഴും ചില രാത്രികളില്‍ അമ്മച്ചിയുടെ തളര്‍ന്ന സ്വരം അടുത്തിരുന്ന് ചിലമ്പും “കഥ കഥ കാരണംകോട്ടമ്പലത്തിലെ തേങ്ങമൂത്തിളതായതെന്തു കഥ.”

12.7.07

ഓര്‍മകള്‍ക്കൊരാമുഖം

ഓര്‍മകള്‍ ചിലപ്പൊള്‍ സ്വപ്നങ്ങളുടെ ഉടയാടകളുമണിഞ്ഞ് സുഷുപ്തിയിലേക്കും. നിശബ്ദമായ ചില നിമിഷങ്ങളില്‍ ജീവിതത്തിലേക്കും കടന്നു വരും.ഏതൊക്കെയാണ് ഓര്‍മ്മകള്‍ ഏതൊക്കെയാണ് സ്വപ്നങ്ങള്‍ എന്നു തിരിച്ചറിയാന്‍ പോലും പറ്റിയെന്നിരിക്കില്ല. അത്രത്തോളം മറവിയുടെ ഇരുട്ട് കടന്നുകൂടിയിട്ടുണ്ടാകാം.എല്ലാ നൊംബരങ്ങളും എന്തോ ഒരനുഭൂതിയായി പരിണമിച്ചിരിക്കുന്നു, എന്ന തിരിച്ചറിവിലേക്ക് മെല്ലെ ചാഞ്ഞിരിക്കും ഞാന്‍.എല്ലാ അബദ്ധങ്ങളും ചിരിയുണര്‍ത്തുന്ന ഒരു കുട്ടിക്കളിയായി മുന്നില്‍ നിന്ന് നൃത്തം ചെയ്യും.എല്ലാ സംതൃപ്തനിമിഷങ്ങളും അതൃപ്തമായി പകുതിയിലവസാനിച്ച സുരതം പോലെ അസ്വസ്ഥമാകും.ഞാന്‍ നടന്നുപോയ ഏകാന്തവും അല്ലാത്തതുമായ ഊടുവഴികള്‍ മുന്നിലേക്കു തെളിഞ്ഞുവരും.അറിയാത്ത ഒരു റിഫ്ലെക്സ് ആക്ഷനിലെന്നപോലെ എന്റെ കാലുകള്‍ നീളും,ഒരുവട്ടം കൂടി അതുവഴിയൊക്കെ നടക്കാന്‍.പക്ഷേ ഒരു നിസഹായമായ പുഞ്ചിരിയോടെ ബോധം എന്നെ ഓര്‍മിപ്പിക്കും,നടക്കുന്തോറും മാഞ്ഞുപൊയ്ക്കൊണ്ടേയിരിക്കുന്ന പിന്‍‌വഴികളാണ് ജീവിതമെന്ന്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര ശരിയാണതെന്നെനിക്കു മനസിലാകും.പിന്നില്‍ എന്റെ നിഴലുപോലുമില്ല.എങ്കിലും ഓര്‍മകള്‍.. സ്വപ്നങ്ങളുടെ ഉടയാടകളണിഞ്ഞ് ആള്‍മാറാട്ടം നടത്തിയെത്തുന്ന ഓര്‍മ്മകള്‍.. എല്ലാ നിമിഷ ശകലങ്ങളിലും തിരശീലക്കുള്ളില്‍ നിന്നും നാടകവേദിയിലേക്കുളിഞ്ഞു നോക്കുന്ന കുസൃതിക്കുട്ടിയെപ്പോലെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.