12.7.08

അതിശയ ലോകം

ഇവിടെ അനുവദിക്കപ്പെട്ട
ഒരു ജന്മമാണ് ഞാനെന്ന് തോന്നുന്നില്ല
തടഞ്ഞുവയ്ക്കപ്പെട്ട ഏതോ
മരണമാണെന്ന് കരുതാനേ കഴിയുന്നുള്ളു.......
മുന്നറിയിപ്പ്:
ഞെട്ടൽ ഉളവാക്കുന്ന ചില രംഗങ്ങളുണ്ട് ഇതിൽ..നിത്യജീവിതത്തിൽ ഒരുപക്ഷേ ഇതൊക്കെ നമുക്ക് താങ്ങാനായേക്കുമെങ്കിലും ഒരു സിനിമയിലാവുമ്പോൾ അതിനു കഴിയണമെന്നില്ല നിർമ്മാണം : കാഴ്ച ചലച്ചിത്ര വേദി
തിരക്കഥ സംഭാഷണം : സനൽ
ഛായാഗ്രഹണം : സണ്ണി ജോസഫ്


ചിത്ര സംയോജനം : ബീനാ പോൾ
കലാ സംവിധാനം : ഡിസ്നി വേണു,പട്ടാമ്പി


സഹ സംവിധാനം :അനിൽ,ശ്രീജി
അഭിനേതാക്കൾ : സുജിത്, ചന്ദ്ര ബാബു, ഉണ്ണിക്കൃഷ്ണൻ ,പ്രജില,ഗോപാലകൃഷ്ണൻപെരുംകടവിള,കീഴാറൂർ,അരുവിപ്പുറം,മാരായമുട്ടം പ്രദേശത്തെ നാട്ടുകാർ
ഗ്രാഫിക്സ് :മജു സൈമൺ
സ്റ്റുഡിയോ : ആഡുനിക് ഡിജിറ്റൽ
യൂണിറ്റ് :കലാഭവൻ ഡിജിറ്റൽ

ഓർമ്മിക്കേണ്ട പേരുകൾ നിരവധിയാണ് കണ്ണൻ,രതീഷ്,അജിത്,സതീഷ്,അജയൻ,പോൾ പി ചാക്കോ,ഹരികിഷോർ...ഹാ..അത് നിലയ്ക്കുകില്ല..എഴുപതുകളിൽ മാത്രമല്ല രണ്ടായിരത്തിലും യുവത്വത്തിന്റെ ചോരക്ക് ചൂടും ചുവപ്പുമുണ്ടായിരുന്നു കാലമേ.... അല്ല വയസന്മാരുടെ കാലമേ..നീ കണ്ടില്ല എന്ന് മാത്രം....
ഇത് പഴയ ഒരു ഭ്രാന്തിന്റെ കഥയാണ്..പുതിയ വെളിച്ചത്തിൽ കാണുമ്പോഴും കണ്ണു നിറയ്ക്കുന്ന ഒന്ന്.2001 ൽ ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.
ഞങ്ങൾക്ക് എല്ലാപേർക്കും പത്തൊൻപതിനും ഇരുപത്തി നാലിനും ഇടയ്ക്ക് പ്രായം . ഗ്രാമവാസികൾ ആയിരുന്നു എല്ലാവരും. നഗരത്തിലല്ലായിരുന്നു ആരും, അതുകൊണ്ടുതന്നെ ബുദ്ധിജീവികളായോ ബുദ്ധിയുള്ളവരായോ പോലും ആരും പരിഗണിച്ചിരുന്നില്ല .ഒരു ചലച്ചിത്രോത്സവത്തിൽ ഒരു ദിവസത്തെ മുഴുവൻ സിനിമകളും കണ്ടാൽ നാട്ടിലേക്കുള്ള അവസാന ബസ് കിട്ടില്ല എന്ന അവസ്ഥയായിരുന്നു എല്ലാവർക്കും.അതുകൊണ്ട് ചലച്ചിത്രകുലപതിമാരുടെ പേരുകൾ ഞങ്ങൾക്ക് കാണാപ്പാഠമായിരുന്നില്ല.സിനിമ തുടങ്ങിയ ശേഷം എത്താനും ടൈറ്റിൽ വരുന്നതിനുമുൻപേ മടങ്ങിപ്പോകാനും വിധിക്കപ്പെട്ടവർക്ക് അതല്ലേ പറ്റൂ...
ആരുടേയും കയ്യിൽ പണമില്ല,പറയത്തക്ക വരുമാന മാർഗമില്ല.ഒരു സിനിമ,ടെലിഫിലിം എങ്കിലും ചെയ്യണം എന്ന ആഗ്രഹം മാത്രം.എഴുതി തയാറാക്കിയ തിരക്കഥയും സ്റ്റോറി ബോർഡുമായി ഞങ്ങൾ ഇറങ്ങി “കാഴ്ച ചലച്ചിത്രവേദി“എന്നൊരു ഫിലിം സൊസൈറ്റി രൂപീകരിച്ചു.നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു.നൂറു രൂപാ വീതം പിരിച്ചു.
അങ്ങനെ “അതിശയലോകം” എന്ന വീഡിയോ ചലച്ചിത്രം സാക്ഷാത്കൃതമായി.
തിരുവനന്തപുരത്തു വച്ചു നടന്ന IV Fest 2003 (അന്താരാഷ്ട്ര വീഡിയോ ചലച്ചിത്രമേള)യിലെ മത്സരവിഭാഗത്തിൽ പങ്കെടുത്തു.കൽക്കട്ടയിലെ ചില ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തു.മറ്റൊന്നും സംഭവിച്ചില്ല.ഞങ്ങൾ പലരായി വളർന്നു.മറ്റൊന്ന് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ കഴിഞ്ഞില്ല.പണം ..പണം..
ഇനി അത്....ആ മഹാത്ഭുതം ഇതാ ഇവിടെയുണ്ട്.ഒന്ന് കണ്ട് നോക്കൂ....

അഭിപ്രായം പറയണം...കാരണം ഞങ്ങൾ ജീവിച്ചത് എഴുപതുകളിലല്ല.... ഇതാ ഇന്നലെ..ഇന്നലെക്കുരുത്ത തകരകൾക്ക് നിങ്ങളെന്താണ് പറയുന്നതെന്ന് കേൾക്കാൻ കൊതിയുണ്ട്.....

ജീവിതം ഒരു കൊതിപ്പിക്കലാണ് സുഹൃത്തേ.....

11.8.07

മരുന്നു മണമുള്ള ബാല്യം

ബാല്യത്തിന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ ആദ്യം കയ്യൊപ്പിട്ടിരിക്കുന്നത് കൂക്കുവിളികള്‍ മുഴക്കുന്ന ഒരിരുളന്‍ തുരങ്കത്തിലേക്ക് മുങ്ങി വമ്പന്‍ കെട്ടിടങ്ങളുള്ള നഗരത്തിലേക്ക് പൊങ്ങുന്ന ഒരു തീവണ്ടിയാത്രയാണ്.
പിന്നീട് അതേ തീവണ്ടിയില്‍ നഗരയാത്രകള്‍ നടത്തുമ്പോഴാണ് കൂക്കുവിളികള്‍ മുഴക്കുന്നത്‌ തുരങ്കമല്ല, യാത്രക്കാരായ കൌമാര വികൃതികളാണെന്ന് എനിക്കുമനസ്സിലായത്.അച്ചന്റെ മടിത്തട്ടിലിരുന്നു കൊണ്ടുള്ള ആ യാത്രകള്‍ എല്ലായ്പ്പോഴും ഡോക്ടറുടെ അടുത്തേക്കുള്ളതായിരുന്നു. മരുന്നു ചുവയുള്ള ഉറക്കങ്ങള്‍ സമ്മാനിക്കുന്ന തീവണ്ടി യാത്രകള്‍. ആദ്യമൊക്കെ മരുന്നു കുടിക്കാന്‍ എനിക്കു വലിയ മടിയായിരുന്നു.നാടുനടുക്കുന്ന കരച്ചിലുകള്‍ വിലപ്പോകുന്നില്ലെന്നു വന്നപ്പോള്‍ അനുസരണയോടെ മരുന്നുകുടിക്കാന്‍ പഠിച്ചു ഞാന്‍.ബാല്യത്തിന്റെ ഓര്‍മകള്‍ക്ക് ഇപ്പോഴുംചവര്‍പ്പുള്ള ഒരു മരുന്നുമണമാണ്.
അനുജത്തിയും ഞങ്ങളുടെയൊപ്പംതന്നെ താമസിച്ചിരുന്ന മാമിയുടെ മകളും അല്ലാതെ എനിക്കധികം കൂട്ടുകാരില്ലായിരുന്നു. കൂട്ടുകാരോടൊപ്പം കളിക്കാന്‍ ഒരിക്കലും അമ്മയനുവദിച്ചിരുന്നില്ല. “തീനം വരും” എന്നതായിരുന്നു കാരണം.കൂട്ടുകാരോടൊപ്പം കളിക്കുക എന്ന സ്വപ്നത്തെക്കുറിച്ച് എനിക്കും ഇരട്ടമനസ്സായിരുന്നു.പോളിയോ എന്നൊരു കോമാളി തീനം എന്റെ വലതുകാലിന്റെ പാതിശേഷിയെ കൂട്ടിക്കൊണ്ടു പോയിരുന്നതുകൊണ്ട് സഹപാഠികളും അയല്‍‌പക്കക്കാരുമായ കുട്ടികള്‍ മൊണ്ടിയെന്ന് ഓമനപ്പേര്‍ വിളിക്കുന്നതായിരുന്നു കാരണം.എനിക്ക് ഓടിനടക്കാനോ മരം കയറാനോ ഒന്നും ഒരു കുഴപ്പവും തോന്നിയിരുന്നില്ലെങ്കിലും അവരോടൊപ്പം മിടുക്കോടെ കളിക്കാന്‍ കഴിയുമോ എന്ന് ഞാന്‍ വല്ലാതെ സംശയിച്ചിരുന്നു.വല്ലപ്പോഴും അമ്മയുടെ കണ്ണുവെട്ടിച്ചുള്ള കളിക്കാന്‍ പോക്കിന് കിട്ടിയിരുന്ന സമ്മാനം ചോരച്ചുവപ്പുള്ള വീഴ്ച്കകളും “മോങ്ങിക്കൊണ്ടുള്ള”മടക്കവും ആയതുകൊണ്ട് ആ പേടി വര്‍ദ്ധിതവീര്യത്തോടെ എന്നില്‍ സ്ഥിര താമസമാക്കുകയും ചെയ്തു.

അസുഖങ്ങള്‍ എന്നില്‍ ഐന്ദ്രജാലികമായി പെയ്യുന്നത് ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നിട്ടുണ്ട്. ക്ലാസ്മുറിയില്‍ ഒരിക്കലും അടങ്ങിനില്‍ക്കാത്ത ഒരു മനസ്സായിരുന്നു എനിക്ക്.സാറന്മാര്‍ കണക്കിന്റെ കളികളോ ചെറുശേരിക്കവിതകളോ കൊണ്ട് ശബ്ദായമാനമാക്കുന്ന ക്ലാസ്സ്മുറികളില്‍ മിക്കപ്പോഴും അവസ്സാനത്തെ ബഞ്ചിലിരുന്ന് സ്വപ്നം കാണുകയാവും ഞാന്‍.ഏതെങ്കിലും മരക്കൊമ്പില്‍ കപീഷിനൊപ്പമോ മാനത്ത് മായാവിയുടെ തോളിലോ ഒക്കെയാവും ഞാന്‍.ഒരിക്കല്‍ ഈ സ്വപ്നാടനം അതിന്റെ രസപൂര്‍ത്തിയിലെത്തിനില്‍ക്കവേയാണ് മലദ്വാരത്തിലൂടെ എന്തോ ഒന്ന് നുഴഞ്ഞിറങ്ങുന്നത് ഞാനറിഞ്ഞത് നിലവിളിച്ചുകൊണ്ട് ചാടിയെണീല്‍ക്കുമ്പോള്‍ നിക്കറിനുള്ളില്‍ നിന്നും താഴേക്കു വീഴുന്നു വെളുത്തു മെലിഞ്ഞ ഒരു വിര.എന്റെ കരച്ചിലിനെ മുക്കിക്കൊണ്ട് ഉയര്‍ന്ന പൊട്ടിച്ചിരിയുടെ ശബ്ദഘോഷം ഇപ്പോഴും കാതുകളിലുണ്ട്.പിന്നീടൊരിക്കല്‍ സംഭവിച്ചത് എനിക്കുപോലും രസകരമായി തോന്നിയ ഒരു തീനമാണ്‍്.സര്‍ക്കസില്‍പ്പോലും ആരും പിന്നോട്ടുവളഞ്ഞ് നിലം തൊടുന്നത് കണ്ടിട്ടില്ലാത്ത ഞാന്‍ വാടിയ വാഴക്കൈപോലെ പിന്നോട്ടു വളഞ്ഞുപോകുന്നു.ഓരൊ നാലുചുവടിനും ഓരോ വീഴ്ച്ച എന്നതായിരുന്നു കണക്ക്.അമ്മയുടെ നിലവിളിയുടെ കരവലയത്തില്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നപ്പോഴാണ് മറ്റൊരത്ഭുതം.ആശുപത്രി മുറ്റത്ത് നിറയെ ഉണ്ണിമാങ്ങക്കളുള്ള ഒരു മാവുണ്ടായിരുന്നു.എന്നെ ഉണ്ണിമാങ്ങകള്‍ കാട്ടിക്കൊതിപ്പിച്ചിട്ടാണ് ഒരു വെള്ളവസ്ത്രക്കാരി എന്റെ ഞരമ്പുകളിലേക്ക് ഒരു സിറിഞ്ച് ശീതളപാനീയം കുത്തിക്കയറ്റിയത്.ഞാന്‍ ഉണ്ണിമാങ്ങകളില്‍നിന്നും
കണ്ണെടുക്കാതെ കരഞ്ഞുകൊണ്ടിരുന്നു.നിലവിളി നിലച്ചപ്പോഴാണ് ഞാനറിയുന്നത് എന്റ്റെ കഴുത്തിനുമുകളിലുള്ളതെല്ലാം ഉണ്ണിമാങ്ങകളുടെ കാഴ്ച്ചയില്‍ ഉറച്ചുപോയിരിക്കുന്നു.പിന്നീടുണ്ടായത് ഞാന്‍ നിര്‍ത്തിയ നിലവിളിയില്‍ ഏച്ചുകെട്ടിയ അമ്മയുടെ രോദനമായിരുന്നു.ഓര്‍മ്മയുടെ തീവണ്ടി ഏതോ ഇരുളന്‍ തുരങ്കത്തിലേക്ക് ഓടിക്കയറിയതു കൊണ്ട് ബാക്കി ഒന്നും വ്യക്തമല്ല.

ആയിടക്കാണ് ഒരുവേനലവധിക്കാലത്ത് എന്റെ കളിക്കൊതിയിലേക്ക് ഒരുകൂട്ടുകാരിയെത്തുന്നത്.സാധാരണ കുട്ടികളെല്ലാം വേനലവധിക്കാലത്ത് അവരുടെ ബന്ധുവീടുകളില്‍ പോയി നില്‍ക്കുന്ന പതിവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍.ഞങ്ങള്‍ക്കും (എനിക്കും അനുജത്തിക്കും)അത് വലിയ കൊതിയായിരുന്നെങ്കിലും അച്ചന്‍ ഒരിക്കലും അതനുവദിച്ചിരുന്നില്ല.
ഞങ്ങളെക്കാണാതെ അച്ചനുറക്കംവരില്ല എന്നതായിരുന്നു കാരണം പറഞ്ഞിരുന്നത്.വീട്ടില്‍ എന്നെയും അനുജത്തിയേയും കൂടാതെ മാമിയുടെ മകള്‍കൂടിയുണ്ടായിരുന്നു.അവധിക്കാലത്ത് അവളെ മാമി ഭര്‍തൃസഹോദരിയുടെ വീട്ടില്‍ വിട്ടു പകരം അവര്‍ അവിടത്തെ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്കും.സൌമ്യ എന്നായിരുന്നു അവളുടെപേരെന്ന് ഓര്‍മ്മയില്‍ ഇപ്പോഴും മായാതെ കുറിക്കപ്പെട്ടിരിക്കുന്നു.അക്കാലത്ത് എന്റെ ഇഷ്ടതാരങ്ങള്‍ മായാവി, രാജു, രാധ പിന്നെ മാമാട്ടിക്കുട്ടിയമ്മ(ഇന്നത്തെ ചലച്ചിത്രതാരം ശാലിനി)എന്നിവരായിരുന്നു.സൌമ്യക്ക് മാമാട്ടിക്കുട്ടിയുടെ ഛായയായിരുന്നു.മുന്നോട്ടു കോതി ക്രോപ്പു ചെയ്ത മുടിയും വട്ടത്തിലുള്ള മുഖവും ഉമ്മിണിമൂക്കും ഫ്രില്ലുവച്ച ഫ്രോക്കും ഒക്കെയായി ഒരരയന്ന ചന്തം.ആദ്യദിവസം അവളെന്നോടൊന്നും മിണ്ടിയില്ല ഞാനും അങ്ങനെ തന്നെ,എങ്കിലും ഇടക്കിടെ ആരാധനാപാത്രമായ മാമാട്ടിക്കുട്ടിയുടെ തനിപ്പകര്‍പ്പിനെ ഞാന്‍ ഒളികണ്‍പാര്‍ക്കുന്നുണ്ടായിരുന്നു.അതവള്‍ കാണുമ്പോള്‍ ഞാന്‍ മിഴിവലിക്കുകയും ചെയ്തിരുന്നു.അവള്‍ക്ക് അനുജത്തിയോടായിരുന്നു കൂടുതലടുപ്പം. അതുകാണുമ്പോള്‍ എനിക്ക് വല്ലാത്ത അസൂയപെരുത്തു. എന്റെ എന്തെങ്കിലും കളിപ്പാട്ടങ്ങളില്‍ അവരെങ്ങാനും തൊടുന്നുണ്ടോ എന്നു നോക്കിയിരിക്കുകയായിരുന്നു ഞാന്‍.തൊടട്ടെ എന്നിട്ടാണ് !(ഈ സ്വഭാവം ഞാനിപ്പോഴും കൊണ്ട് നടക്കുന്നുണ്ട്) .പിറ്റേ ദിവസം അവളെന്നോടുമിണ്ടിത്തുടങ്ങി എന്റെ സ്വകാര്യ സമ്പാദ്യങ്ങളായ ബാലരമയുംപൂമ്പാറ്റയും ഒക്കെ അവള്‍ക്കു നല്‍കാന്‍ എനിക്ക് സര്‍വ്വസന്നദ്ധതയായിരുന്നു.പക്ഷേ അവള്‍ക്കിഷ്ടമായത് എന്റെ വെള്ളാരംകല്ലുകളുടെ നിധിച്ചെപ്പായിരുന്നു വിവിധ നിറത്തിലും ആകൃതിയിലും വലിപ്പത്തിലും ഉള്ള വെള്ളാരം കല്ലുകള്‍.അതുമാത്രമാണ് അവള്‍ക്ക് നല്‍കാന്‍ എനിക്കു സമ്മതമില്ലായിരുന്ന ഏകവസ്തുവും.അതു പക്ഷേ എവിടെയോ നഷ്ടമായി ഓര്‍മകള്‍ ഒട്ടും എഴുതിവയ്ക്കാത്ത ജീവിതത്തിന്റെ ഏതുപേജില്‍‌വെച്ചാണ് അതുണ്ടായതെന്ന് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നില്ല.എന്തായാലും രണ്ടുമൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങളോടൊപ്പം മണ്ണപ്പം ചുട്ട്, കഞ്ഞിയും കറിയും കളിക്കാനും ചിരട്ട
ത്രാസുതൂക്കി പലോഞ്ഞനക്കട(പലവ്യഞ്ജനക്കട)കളിക്കാനും മീശവരച്ചും സാരിയുടുത്തും അച്ചനുമമ്മയും കളിക്കാനുമൊക്കെ അവള്‍ പഠിച്ചു.ഞങ്ങളോട് കൂടുന്നതിനുമുന്‍പ് അവള്‍ക്കാകെ
അറിയാമായിരുന്നത് ജോണീജോണീ യെസ്പപ്പായും ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാറും പോലുള്ള നഴ്സറിറൈമുകല്‍ക്കൊപ്പം തുള്ളിക്കളിക്കാന്‍ മാത്രമായിരുന്നു.ഞങ്ങളവളെ ചെമ്പരത്തിപ്പൂവിന്റെ ചുവട്ടിലെ പച്ചക്കോളാമ്പികൊണ്ട് ചുടക്ക്‌പൊട്ടിക്കാനും ആനത്തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കാനും കുഴിയാനയെക്കൊണ്ട് പടംവരപ്പിക്കാനും പഠിപ്പിച്ചു.അതിന് ഞാനും അനുജത്തിയും തമ്മില്‍ ഒരു മത്സരം തന്നെയായിരുന്നു.ഒരുദിവസത്തെ അച്ചനും അമ്മയും കളിയ്ക്കിടെയായിരുന്നു രസകരമായ ആ സംഭവം.ഞാനായിരുന്നു അച്ചന്‍,അവള്‍ അമ്മ ,അനുജത്തി മതിനി(നാത്തൂന്‍).അവള്‍ക്ക് അമ്മയാകാന്‍ ഫ്രോക്കിനുമുകളിലൂടെ ഒരു തോര്‍ത്ത് വലിച്ചിട്ടാല്‍ മതിയായിരുന്നു.എനിക്കാണെങ്കില്‍ മീശവരക്കുകയും ഓലക്കാല്‍ക്കണ്ണടവച്ച് ഒരിക്കലും ഗൌരവം നില്‍ക്കാത്ത മുഖത്ത് ഗൌരവം വരുത്തുകയുംവേണമായിരുന്നു.അവള്‍ വളരെക്കുറഞ്ഞദിവസങ്ങള്‍കൊണ്ട് തുമ്പപ്പൂച്ചോറു വയ്ക്കാനും മരച്ചീനിയില തോരന്‍ വയ്ക്കാനും ചെമ്പരത്തിപ്പൂ കറിവയ്ക്കാനും നല്ലവണ്ണം പഠിച്ചിരുന്നു.സ്വാദിഷ്ടമായ ഊണിനു ശേഷം കണ്ണടച്ചു രാത്രിയെ സൃഷ്ടിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.പ്രഭാതത്തില്‍ കോഴികൂവി.കോഴിയായി കൂവേണ്ടതും ഞാന്‍ തന്നെ,കൂവിയ ശേഷം കണ്ണടച്ചുകിടക്കണം ഭാര്യവന്നുവിളിക്കുമ്പോഴേ കണ്ണുതുറക്കാവൂ.അവള്‍ വന്നു വിളിച്ചു.ഞാന്‍ വലിയ ഉറക്കം നടിച്ചുകിടന്നു വീണ്ടും വിളിപ്രതീക്ഷിച്ച് കണ്ണടച്ച് കിടന്ന എന്റെ ചന്തിക്ക് ടപ്പേ എന്നൊരടിവീണു.ഞാന്‍ ചാടി എണീറ്റു.“എന്തിനെന്നെ അടിച്ചു”ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു വെള്ളാരം കല്ലുകള്‍ ചൊരിയുമ്പോലെ അവള്‍ ചിരിയോട് ചിരി.“എന്തിനെന്നെ അടിച്ചു”.................“അച്ചന്‍ വിളിച്ചിട്ടെണീറ്റില്ലെങ്കില്പിന്നെ അമ്മയെന്താ ചെയ്യും..?” അവളുടെ ചോദ്യം.എനിക്കവളുടെ ചെമ്പന്‍ രോമങ്ങള്‍ വരിവച്ചുപാകിയിട്ടുള്ള തുടുത്തകവിളില്‍ ഒരുമ്മകൊടുക്കാന്‍ തോന്നി.ആ തോന്നല്‍ അന്നെങ്ങനെയുണ്ടായെന്നറിയില്ല അതു ഞാന്‍ പ്രയോഗിക്കുകയും ചെയ്തു എന്റെ മീശക്കരി അവളുടെ കവിളില്‍ ചുമ്പനത്തിന്റെ സാക്ഷ്യമെഴുതി.അതിന്റെ പേരില്‍ അമ്മയും മാമിയുമൊക്കെ എന്നെ ഒരുപാടുകളിയാക്കുകയും ചെയ്തു.
അന്ന് അവളോട് തോന്നിയ കൂട്ടിനെ എന്തുപേരിട്ടാണ് വിളിക്കുക...അറിയില്ല...അവള്‍ പോകുമ്പോള്‍ ഞാനും അനുജത്തിയും ഒരുപാടുകരഞ്ഞു.അവളും...എത്ര കരഞ്ഞാലും കൈവെള്ളയില്‍ നില്‍ക്കാതെ പോകുന്ന ഒരവധിക്കാലമാണോ ജീവിതം!പിന്നീടൊരിക്കലും അവളെ കണ്ടിട്ടില്ല.അവള്‍ പോയി ഏറെ താമസിയാതെ മാമനും മാമിയും ബന്ധം പിരിഞ്ഞു.പിന്നീട് അവളെക്കുറിച്ചുള്ള ഓര്‍മകള്‍പോലും ഇല്ലായിരുന്നു എന്നാണ് പറയേണ്ടത്.പക്ഷേ ഇപ്പോള്‍ പൊടുന്നനെ...... മഴയില്‍ കൂണുകള്‍മുളക്കുമ്പോലെ....ഓര്‍മകള്‍...ഓര്‍മകള്‍....

16.7.07

കഥകളുടെ മുത്തശ്ശി

ഓര്‍മകള്‍തുടങ്ങുന്നതുതന്നെ വയസ്സറിഞ്ഞുകൂടാത്ത എന്റെ മുത്തശ്ശിയില്‍ നിന്നാ‍ണ്.ഒരിക്കലും റവുക്ക ഇടാത്ത,ഞാന്നുകിടന്ന് കാറ്റിലാടുന്ന മുലകളുള്ള,മുഖത്തും ശരീരത്തിലാകെയും ചുളിവുകളുള്ള അവസാനിക്കാത്ത കഥകളുടെ മുത്തശ്ശി.ഞാന്‍ ആ വൃദ്ധസ്വരൂപത്തെ
അമ്മച്ചി എന്നു വിളിച്ചു.ആകെ ഒറ്റമുണ്ടുമാത്രം ഉടുത്ത് നഗ്നതയെ ഭയപ്പെടാതെ അവര്‍ എന്നെ മടിയില്‍ കിടത്തി കഥകളും പാട്ടുകളും പ്രാര്‍ത്ഥനകളുമായി ഉറവപൊട്ടി.മണ്ണെണ്ണവിളക്കിന്റെ
പുകപിടിച്ചപ്രകാശത്തില്‍ അമ്മച്ചി കഥപറയുമ്പോള്‍ മുഖത്തു കഥകളിക്കുന്ന ഭാവങ്ങള്‍കണ്ട് ഞാന്‍ അമ്പരന്നു.അമ്മച്ചി ഒരത്ഭുതമാണ് എനിക്കിപ്പോഴും.എന്റെ ഓര്‍മകളുടെ പിറവികാലം മുതല്‍ ഒടുവില്‍
സ്വയം തീരുമാനിച്ചുറപ്പിച്ചപോലെ പട്ടിണികിടന്നു മരണത്തിലേക്കുമാഞ്ഞു പോകുന്നതുവരെ ഒരേമുഖവും ഒരേ രൂപഭാവങ്ങളും മാത്രമായി ജീവിച്ച അത്ഭുതം.ഏനിക്ക് എന്റെയീ മുപ്പതുവര്‍ഷത്തെ കൊച്ചു ജീവിതത്തിനിടയില്‍ അണിയേണ്ടിവന്നിട്ടുള്ള വേഷങ്ങളും ആടേണ്ടിവന്നിട്ടുള്ള ഭാവപ്പകര്‍ച്ചകളും ആലോചിച്ചുപോകുന്നു ഞാന്‍.ചിലപ്പോഴൊക്കെ എന്റെ പഴയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രങ്ങളും ഇപ്പോഴത്തെ മുഖവും കണ്ണാടിയിലൂടെ നോക്കി ഞാന്‍ അമ്പരന്നിരിക്കാറുണ്ട് . ഞാന്‍ തന്നെയാണ് ഞാനെന്ന് എങ്ങനെ പറയാന്‍ കഴിയും!
ഒരുപക്ഷേ അമ്മയുടെതിനേക്കാള്‍ ഞാന്‍ നുണഞിട്ടുള്ള മുലകള്‍ അമ്മച്ചിയുടേതാണ് .ഓര്‍മയുള്ളതും. “അമ്മിഞ്ഞയില്ലല്ലോ”എന്നു ഞാന്‍ പരിഭവപ്പെടുമ്പോള്‍ അമ്മച്ചിപറയുമായിരുന്നു “ഞാനെന്തു ചെയ്യാനാ ഉള്ളതൊക്കെ നിന്റെ തന്തയും അവന്റെ തള്ളയും കൂടി കുടിച്ചു തീര്‍ത്തില്ലിയൊ”.വാടിയ ചെമ്പരത്തിപൂവുപോലെ ഞരമ്പുകള്‍ തെളിഞ്ഞുതൂങ്ങിയ മുലകളായിരുന്നു അമ്മച്ചിക്ക് മുലപ്പാലിനുപകരം എനിക്കു കിട്ടിയിരുന്നത് കഥകളാണെന്നു മാത്രം.അമ്മച്ചിക്ക് എത്ര
വയസ്സായിരുന്നു എന്നെനിക്കറിയില്ല എനിക്കുമാത്രമല്ല ആര്‍ക്കും.അമ്മച്ചി അതൊരിക്കലും പറഞ്ഞുമില്ല. ഇടക്കു വെറുതെ ചോദിക്കുമ്പോള്‍ അമ്മച്ചി നാണം കലര്‍ന്ന ഒരുചിരിയില്‍ ചോദ്യങ്ങളെ നാണം കെടുത്തി. നൂറിനുമേലുണ്ടെന്നാ‍ണ് മരിച്ചശേഷം ആളുകള്‍പറഞ്ഞിരുന്നത്. പക്ഷേ
എനിക്കു വിശ്വാസം പോരാ ആയിരംവര്‍ഷങ്ങളുടെ കഥകളായിരുന്നു അമ്മച്ചിയുടെ സമ്പാദ്യം. തകര്‍ന്നു പോയ ഒരു തറവാടിന്റെ അവസാനത്തെ ആണ്‍പിറപ്പായിരുന്നു ഞാന്‍. ചൂതുകളിച്ചും
നാടുതെണ്ടിനടന്നു ഭോഗിച്ചും മുത്തച്ഛന്മാര്‍ നശിപ്പിച്ചതിന്റെ ബാക്കി,കഴിവും കുതന്ത്രവും ഉള്ളവര്‍ കൊണ്ടുപോയി.ഞങ്ങള്‍ക്ക് ആകെയുണ്ടായിരുന്നത് മണ്ണുകൊണ്ടുള്ള ചുവരുകളും
പഴയോലകൊണ്ടുള്ള ഒരു മേല്‍ക്കൂരയുമായിരുന്നു. പഴയോലക്കിടയിലൂടെ കോഴിമുട്ടപോലെ ചാണകത്തറയിലേക്കു ചാടുന്നആകാശം കണ്ടാണ് ഞാന്‍ വളര്‍ന്നത്.എല്ലാപേരില്‍ നിന്നും ഒറ്റക്കാകുമ്പോള്‍എന്റെ ഏറ്റവും വലിയവിനോദമായിരുന്നു ഈ മുട്ടപിടിക്കല്‍, അമ്മച്ചിയുള്ളപ്പോള്‍
മുലകുടിയും കഥകേള്‍ക്കലും.മുരടനായ അപ്പൂപ്പന്റെ വീട്ടില്‍ നിന്നും മരച്ചീനിമാവില്‍ ചുട്ടെടുത്ത അപ്പവും പറഞ്ഞാലും കേട്ടാലും മതിവരാത്ത കഥകളുമായി അമ്മച്ചിവരുന്നതും കാത്തുഞാനിരിക്കും. ചിലപ്പോഴൊക്കെ അമ്മച്ചിയുടെ മടിക്കുത്ത് തള്ളിനില്‍ക്കുന്നുണ്ടാവും. അന്ന് വയറിനുള്ളില്‍
എനിക്കൊരു കുഞ്ഞനുജത്തിയേയും ചുമന്നു നടന്നിരുന്ന എന്റെ അമ്മയുടെ പുറത്തേക്കു തള്ളിനില്‍ക്കുന്ന വയര്‍ പോലെ.ചോദ്യം ചിരിക്കുന്ന എന്റെ മുഖത്തുനോക്കി അമ്മച്ചി പറയും “ഗര്‍ഭം”.
അമ്മച്ചിയുടെ ഗര്‍ഭം ഒഴിയുന്നത്കുറേ നെന്മണികളായിട്ടായിരുന്നു.അപ്പൂപ്പന്‍ കാണാതെ പത്തായം തുറന്ന് മോഷ്ടിച്ചു കൊണ്ടുവന്നിരുന്ന നെന്മണികള്‍.ശരിക്കും അതൊരു മോഷണമായിരുന്നില്ല. എല്ലാം അമ്മച്ചിയുടേതായിരുന്നു.അമ്മച്ചിയെ കൂടെനിര്‍ത്തിയിരുന്നത് അപ്പൂപ്പനായിരുന്നതുകൊണ്ട് എല്ലാം
നോക്കിനടത്തിയിരുന്നതും അപ്പൂപ്പനായിരുന്നു.അപ്പൂപ്പനറിയാതെ ഒന്നും അ മ്മച്ചിക്ക്‌ എടുക്കാനാകുമായിരുന്നില്ല.അറിഞ്ഞുകൊണ്ട് അപ്പൂപ്പന്‍ ആര്‍ക്കും ഒന്നും കൊടുക്കുകയുമില്ലായിരുന്നു. അപ്പൂപ്പന്റെ കഴുത്തില്‍ തുറിച്ചു നിന്നിരുന്ന ഗോയിറ്ററുണ്ടായിരുന്നു.കഥകള്‍മതിയാവാതെ ശാഠ്യം പിടിക്കുമ്പോള്‍ അമ്മച്ചി അപ്പൂപ്പന്റെ പേരുപറഞ്ഞായിരുന്നു എന്നെ ഭയപ്പെടുത്തിയിരുന്നത്.കഴുത്തില്‍ തുറിച്ചുനില്‍ക്കുന്നത് ഒരു കണ്ണാണത്രേ ആരെയും നോക്കി ഭസ്മമാക്കാന്‍ കെല്‍പ്പുള്ള ഒരു മൂന്നാം
കണ്ണ്.കുട്ടിക്കാലത്ത് ഒരിക്കലും അപ്പൂപ്പന്റെ മൂന്നാം കണ്ണ് ഞാന്‍ കണ്ടിട്ടില്ല,എപ്പോഴും അതിനെ ചുറ്റി ഒരു തോര്‍ത്തുമുണ്ടുമിട്ടാണ് അപ്പൂപ്പന്‍ നടക്കുക. എനിക്കിപ്പോഴും അറിയില്ല അപ്പൂപ്പനെ,
(അമ്മച്ചിയുടെ മുതിര്‍ന്ന മകനാണ് അപ്പൂപ്പന്‍) അമ്മച്ചി എന്തിനായിരുന്നു ഭയപ്പെട്ടിരുന്നതെന്ന് എന്തുചെയ്തിരുന്നതും അപ്പൂപ്പന്‍ കാണാതെയായിരുന്നു.അമ്മച്ചിയുടെ തറവാട്ടുസ്വത്തില്‍നിന്നും
മുറ്റം നിറയെ തേങ്ങാവെട്ടികൂട്ടുമ്പോള്‍ ആരും കാണാതെ ഒന്നെടുത്തു “പാത്തുവയ്ക്കും” മിക്കവാറും അതും ഞങ്ങള്‍ക്കായിരിക്കും അല്ലെങ്കില്‍ നിത്യദൌര്‍ബല്യമായിരുന്ന കരുപട്ടിചക്കര വാങ്ങിക്കാന്‍ ചന്തയില്‍ പോകുന്ന പെണ്ണുങ്ങളുടെ കയ്യില്‍ വില്‍ക്കാന്‍ കൊടുത്തയക്കും.അച്ചന് സര്‍ക്കാര്‍ജോലികിട്ടിയതോടെ കുറച്ചു ദൂരെയായി ഞങ്ങള്‍ വീടുവെച്ചു മാറി. എനിക്ക് പത്തുവയസ്സുള്ളപ്പോള്‍.അതിനുശേഷം
അമ്മച്ചിയെ കാണുന്നത് ഒന്നുകില്‍ ഏതെങ്കിലും അവധികളില്‍ അപ്പച്ചിയോടൊപ്പം അപ്പൂപ്പന്റെ വീട്ടിലേക്കു പോകുമ്പോഴോ രണ്ടുകിലോമീറ്ററോളം കാല്‍നടയായി അമ്മച്ചി ഞങ്ങളുടെ വീട്ടിലേക്കു
തനിച്ച് വരുമ്പോഴോ ആണ്. കുറച്ചു നാള്‍ ഞങ്ങളുടെകൂടെ നിന്നശേഷം പൊടുന്നനെ ഒരു ദിവസം അമ്മച്ചിപറയും “പോണം മക്കളേ” .അതുപിന്നെ അവസാന വാക്കാണ്.പക്ഷേ വന്നതുപോലെ
ഒറ്റക്കൊരിക്കലും തിരിച്ചുപോകില്ല ഞങ്ങള്‍ ആരെങ്കിലും കൊണ്ടുവിടണം.വഴിയില്‍ ഒരു നൂറെടുത്തെങ്കിലും ഇരിക്കും എന്നുള്ളതുകൊണ്ട് അമ്മച്ചിയെ കൊണ്ടുവിടുന്നത് ഒരു ദിവസത്തെ
അധ്വാനമാണ്.അത് എല്ലാവര്‍ക്കും വലിയ വിമുഖതയായിരുന്നു,എനിക്കും അങ്ങനെ തന്നെ.സ്കൂള്‍ കഴിഞ്ഞതോടെ ഞാന്‍ അമ്മച്ചിയെ കാണുന്നതുതന്നെ അപൂര്‍വമായിട്ടായിരുന്നു.അര്‍ഥമില്ലാത്ത
എന്തിലൊക്കെയോ മുഴുകി ഒഴുകിനടക്കുകയായിരുന്നു ഞാന്‍.അപ്പൂപ്പന്റെ വീട്ടിലേക്കു പോകാന്‍ എനിക്കെല്ലായ്പ്പോഴും ഒരു താല്പര്യക്കുറവുംഉണ്ടായിരുന്നു.വല്ലപ്പോഴും പോകുമ്പോള്‍ അമ്മച്ചിക്ക്
ആകെ കൊണ്ടുപോയിരുന്നത് കുട്ടികള്‍ക്കു കൊടുക്കാറുള്ള നാരങ്ങാമിഠായി .നാണം കലര്‍ന്ന, പല്ലില്ലാത്ത ചിരിയോടെ അമ്മച്ചി അതു വാങ്ങി നുണയും.

മരണം തന്നെ വിളിക്കുന്നില്ല എന്നതായിരുന്നു ഒരോ തവണ കാണുമ്പോഴും അമ്മച്ചിക്കു പറയാനുണ്ടായിരുന്ന ഏറ്റവും വലിയ ദുഖം.അപ്പോഴൊക്കെ ഒരുപരാതികൊണ്ട് ഞാന്‍ അമ്മച്ചിയുടെ വായടക്കും. “അമ്മച്ചിക്ക് എന്റെ പിള്ളേരെ കാണാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്
അങ്ങനെ പറയുന്നത്”.എന്റെ കൈ പിടിച്ച് മുഖത്തു ചേര്‍ത്തുകൊണ്ട് അമ്മച്ചിപറയും.“നിന്റെ പിള്ളയും കണ്ടിട്ടേ അമ്മച്ചിപോകൂ..എന്നാലും ഇനിയങ്ങു പോകണ്ടേ മക്കളെ”.അമ്മച്ചിയെ അവസാനമായി കാണുമ്പോള്‍ മരണശയ്യയിലിലായിരുന്നു ആ മെലിഞ്ഞശരീരവും അബോധമായിത്തീര്‍ന്ന മനസും.ഞാനും ശ്രീജയും പ്രണയാനന്തരമുള്ള കലഹങ്ങളെ തുടര്‍ന്ന്
വീട്ടില്‍ നിന്നും പിരിഞ്ഞു വാടകവീട്ടിലേക്ക്‌ മാറിതാമസിക്കുകയായിരുന്നു.പരിഭവങ്ങള്‍ കുത്തിനിറച്ച
സ്വരത്തില്‍ അച്ചന്റെ ഒരു ഫോണ്‍‌വിളി വന്നു.അമ്മച്ചിക്ക് ഒട്ടും സുഖമില്ല,ഒന്നും കഴിക്കുന്നില്ല, ആരെയുംതിരിച്ചറിയുന്നില്ല,മരിച്ചുപോകും.വളരെ ചമ്മലോടെയായിരുന്നു ആ സന്ദര്‍ശനം. എല്ലാവര്‍ക്കും ചോദിക്കാനും അറിയാനും ഉണ്ടായിരുന്നത് എന്റെപ്രണയത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചുമായിരുന്നു. വീടുമാറിയതെന്തിന് ?ഇപ്പോള്‍ എങ്ങനെ നന്നായി ജീവിക്കുന്നുവോ?അവള്‍ വന്നതിനെക്കാള്‍ മെലിഞ്ഞുപോയല്ലോടാ....അങ്ങനെ കൂര്‍ത്തുമൂര്‍ത്തചോദ്യങ്ങള്‍ ഓരോ
വേലിക്കരികില്‍നിന്നും ഓരോ വാതില്‍ മറവില്‍നിന്നും ഞങ്ങള്‍ക്കു നേരേ. അമ്മച്ചി നനച്ചുവിരിച്ച കരിയിലപോലെ തടിക്കട്ടിലില്‍ കിടക്കുകയായിരുന്നു.ഞാന്‍ അടുത്തുപോയി. ആളുകള്‍പറഞ്ഞു മനസിലാവില്ലാ॥ആരെയും തിരിച്ചറിയുന്നില്ല.ഞാന്‍ അമ്മച്ചിയുടെ കൈപിടിച്ചു. അമ്മച്ചി ഒന്നനങ്ങി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി.ഞാന്‍ പറഞ്ഞു....സനല്‍. പരിചയത്തിന്റെ ആഴമുള്ള
ഒരുപുഞ്ചിരി വരണ്ടുപോയ ആ ചുണ്ടുകളില്‍ ഒന്ന് തലോടി മടങ്ങിപ്പോയി.ശ്രീജയെ അടുത്തേക്കു നീക്കിനിര്‍ത്തി ഞാന്‍ പറഞ്ഞു...എന്റെ പെണ്ണ്..അമ്മച്ചിയുടെ കൈകള്‍ ചലിക്കുന്നതിന്റെ
തരം‌ഗങ്ങള്‍ എനിക്കറിയാമായിരുന്നു.പറയാത്തവാക്കുകളുടെ തള്ളലില്‍ ആ വെളുത്ത കണ്ണുകളുടെ കടല്‍ ഇളകുന്നുണ്ടായിരുന്നു.അമ്മച്ചി എന്റെ കൈപ്പത്തിക്കുള്ളില്‍ പരതുന്നതുപോലെ തോന്നി. അപ്പോള്‍ എന്തോ ഒരു കുറ്റബോധവും എന്നിലേക്കുവീശിയെത്തി..ഒരു നാരങ്ങാമിഠായിപോലും
ഇല്ലാതെ........
അമ്മച്ചി ഒന്നും കഴിക്കുന്നില്ല എന്നതായിരുന്നു രോഗം.ഞാന്‍ പറഞ്ഞു ആശുപത്രിയില്‍ കൊണ്ടുപോകാം. വയസ്സായില്ലേ ഇനിയെന്താശുപത്രി? ആള്‍ക്കാര്‍ ചോദിച്ചു.ഞാന്‍ പറഞ്ഞു എന്നാലും കൊണ്ടുപോകാം....കഴുത്തില്‍ വിഷത്തിന്റെ മൂന്നാം കണ്ണുള്ള അപ്പൂപ്പന്‍ കടന്നു വന്നു. താക്കീതിന്റെ സ്വരത്തില്‍ ഗര്‍ജ്ജിച്ചു ‘നീയവരെ കൊല്ലാതെ കൊല്ലണ്ട‘ .ഞാന്‍ പത്തിമടക്കി മൌനത്തിന്റെ ഗുഹക്കുള്ളില്‍ കയറി ഒളിച്ചു.ആര്‍ത്തിയോടെ പായുന്ന ചോദ്യങ്ങളില്‍ നിന്നും കൊത്തിവലിക്കുന്ന നോട്ടങ്ങളില്‍ നിന്നും എത്രയും പെട്ടെന്ന് ഓടിയൊളിക്കാന്‍ കൊതിക്കുന്നുണ്ടായിരുന്നു മനസ്സ്.നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി മരിച്ചു.അപ്പൂപ്പന്‍ കരയുന്നതു കണ്ട ആദ്യത്തെ ദിവസം. ഇപ്പോഴും ചില രാത്രികളില്‍ അമ്മച്ചിയുടെ തളര്‍ന്ന സ്വരം അടുത്തിരുന്ന് ചിലമ്പും “കഥ കഥ കാരണംകോട്ടമ്പലത്തിലെ തേങ്ങമൂത്തിളതായതെന്തു കഥ.”

12.7.07

ഓര്‍മകള്‍ക്കൊരാമുഖം

ഓര്‍മകള്‍ ചിലപ്പൊള്‍ സ്വപ്നങ്ങളുടെ ഉടയാടകളുമണിഞ്ഞ് സുഷുപ്തിയിലേക്കും. നിശബ്ദമായ ചില നിമിഷങ്ങളില്‍ ജീവിതത്തിലേക്കും കടന്നു വരും.ഏതൊക്കെയാണ് ഓര്‍മ്മകള്‍ ഏതൊക്കെയാണ് സ്വപ്നങ്ങള്‍ എന്നു തിരിച്ചറിയാന്‍ പോലും പറ്റിയെന്നിരിക്കില്ല. അത്രത്തോളം മറവിയുടെ ഇരുട്ട് കടന്നുകൂടിയിട്ടുണ്ടാകാം.എല്ലാ നൊംബരങ്ങളും എന്തോ ഒരനുഭൂതിയായി പരിണമിച്ചിരിക്കുന്നു, എന്ന തിരിച്ചറിവിലേക്ക് മെല്ലെ ചാഞ്ഞിരിക്കും ഞാന്‍.എല്ലാ അബദ്ധങ്ങളും ചിരിയുണര്‍ത്തുന്ന ഒരു കുട്ടിക്കളിയായി മുന്നില്‍ നിന്ന് നൃത്തം ചെയ്യും.എല്ലാ സംതൃപ്തനിമിഷങ്ങളും അതൃപ്തമായി പകുതിയിലവസാനിച്ച സുരതം പോലെ അസ്വസ്ഥമാകും.ഞാന്‍ നടന്നുപോയ ഏകാന്തവും അല്ലാത്തതുമായ ഊടുവഴികള്‍ മുന്നിലേക്കു തെളിഞ്ഞുവരും.അറിയാത്ത ഒരു റിഫ്ലെക്സ് ആക്ഷനിലെന്നപോലെ എന്റെ കാലുകള്‍ നീളും,ഒരുവട്ടം കൂടി അതുവഴിയൊക്കെ നടക്കാന്‍.പക്ഷേ ഒരു നിസഹായമായ പുഞ്ചിരിയോടെ ബോധം എന്നെ ഓര്‍മിപ്പിക്കും,നടക്കുന്തോറും മാഞ്ഞുപൊയ്ക്കൊണ്ടേയിരിക്കുന്ന പിന്‍‌വഴികളാണ് ജീവിതമെന്ന്. ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ എത്ര ശരിയാണതെന്നെനിക്കു മനസിലാകും.പിന്നില്‍ എന്റെ നിഴലുപോലുമില്ല.എങ്കിലും ഓര്‍മകള്‍.. സ്വപ്നങ്ങളുടെ ഉടയാടകളണിഞ്ഞ് ആള്‍മാറാട്ടം നടത്തിയെത്തുന്ന ഓര്‍മ്മകള്‍.. എല്ലാ നിമിഷ ശകലങ്ങളിലും തിരശീലക്കുള്ളില്‍ നിന്നും നാടകവേദിയിലേക്കുളിഞ്ഞു നോക്കുന്ന കുസൃതിക്കുട്ടിയെപ്പോലെ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു.